തൊടുപുഴ: ഇടുക്കി അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടേതാണ് കുഞ്ഞ്.
എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കള്‍ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനം സോറന്‍ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ മാസത്തില്‍ പൂനം സോറന്റെ ആദ്യഭര്‍ത്താവ് മരിച്ചുപോയിരുന്നു. അതിനുശേഷം മോത്തിലാല്‍ മുര്‍മു എന്നയാളെ വിവാഹം കഴിച്ചു. അങ്ങനെയാണ് ഇരുവരും അരമനപ്പാറ എസ്റ്റേറ്റില്‍ എത്തിയത്. വെള്ളിയാഴ്ച വരെ ഇരുവരും എസ്റ്റേറ്റില്‍ ജോലിക്കെത്തിയിരുന്നു. ശനിയാഴ്ചയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും ഇതേതുടര്‍ന്ന് കുഴിച്ചിടുകയായിരുന്നെന്നും യുവതി പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.