ബംഗളൂരു ; കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ പെൺകുട്ടികൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. യൂണിഫോമിനോടൊപ്പം കാവി ഷാൾ അണിഞ്ഞ് വന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. മുസ്ലീം വിദ്യാർത്ഥികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങളും ഷാൾ അണിഞ്ഞ് ക്ലാസിൽ വരുമെന്ന് ഇവർ പറഞ്ഞു.
കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് വിമൻസ് കോളേജിലെ മുസ്ലീം പെൺകുട്ടികളാണ് ഉറുദു, അറബിക് ഭാഷകൾ സംസാരിക്കണമെന്നും, ഹിജാബ് ധരിച്ചേ ക്ലാസിൽ വരൂവെന്നുമുള്ള നിബന്ധനയുമായി എത്തിയത്. കോളേജിലെ നിയമങ്ങൾ പാലിക്കില്ലെന്നും, തങ്ങൾക്ക് അനുയോജ്യമായ രീതിയിലേ വരൂവെന്നും പറഞ്ഞ് പരസ്യമായി ആറ് പെൺകുട്ടികളാണ് കോളേജ് അധികൃതരെ വെല്ലുവിളിച്ചത്. എന്നാൽ കോളേജ് അധികൃതർ അനുമതി നൽകാതെ വന്നതോടെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും എസ്ഡിപിഐ നേതാക്കളും ചേർന്ന് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തി. പിന്നീട് സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് ഹിജാബ് ധരിക്കാൻ പെൺകുട്ടികൾക്ക് അനുമതി നൽകുകയായിരുന്നു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
ഇതിന് പിന്നാലെയാണ് 50 ഓളം വിദ്യാർത്ഥികൾ കാവി ഷാൾ അണിഞ്ഞ് കോളേജിലെത്തിയത്. മൂന്ന് വർഷം മുൻപ് ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം പൊങ്ങി വന്നപ്പോൾ അതിന് അനുവദിക്കില്ലെന്ന് കോളേജ് അധികൃതർ തീരുമാനിച്ചിരുന്നു. രക്ഷിതാക്കളുമായി നടത്തിയ യോഗത്തിലാണ് ഈ നിർണായക തീരുമാനം സ്വീകരിച്ചത്. എന്നാൽ അതേ പ്രശ്നം വീണ്ടും കൊണ്ടുവരാനാണ് മുസ്ലീം പെൺകുട്ടികൾ ശ്രമിച്ചത് എന്നും അവർ ഹിജാബ് ധരിച്ചാൽ തങ്ങൾ ഷാൾ ഇടുമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനുവരി 10 ന് രക്ഷിതാക്കളുമായി മീറ്റിംഗ് നടത്താനാണ് പ്രിൻസിപ്പാളിന്റെ തീരുമാനം.