രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളിനും ഒമ്പത് അധ്യാപകർക്കുമെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. സ്കൂളിലെ നാല് വിദ്യാർത്ഥിനികളാണ് പ്രധാനാധ്യാപകനും അധ്യാപകർക്കുമെതിരെ മൊഴി നൽകിയത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദ്യം അധ്യാപകർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെ പിതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രധാനാധ്യാപകനും മൂന്നോളം അധ്യാപകരും ചേർന്ന് ഒരു വർഷത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനരംഗങ്ങളുടെ ദൃശ്യങ്ങൾ രണ്ട് അധ്യാപികമാർ ചേർന്ന് പകർത്തിയതായും കുട്ടി വെളിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിൽ നിന്നും സമാന രീതിയിലുള്ള മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി മന്ദാന പൊലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറയുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് മറ്റ് സംഭവങ്ങൾ കൂടി പുറത്തു വന്നത്. ആറ്, നാല്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് അധ്യാപകർക്കെതിരെ മൊഴി നൽകിയത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകർ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനാധ്യാപകനും സ്കൂളിലെ ഒമ്പത് അധ്യാപർക്കുമെതിരെ നാല് വിദ്യാർത്ഥികളാണ് പരാതി നൽകിയിരിക്കുന്നത്. അൽവാറിലെ സർക്കാർ സ്കൂളിലാണ് സംഭവം. കൂട്ടബലാത്സംഗം, പീഡനം എന്നീ കാര്യങ്ങളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
അധ്യാപകരുടെ പീഡനത്തെ കുറിച്ച് സ്കൂളിലെ അധ്യാപികമാരോട് പറഞ്ഞെങ്കിലും സ്കൂൾ ഫീസ് അടക്കാമെന്നും പുസ്തകം വാങ്ങിത്തരാമെന്നും പറഞ്ഞ് അധ്യാപികമാർ പ്രലോഭിപ്പിക്കാൻ ശ്രമിച്ചതായും ഒരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് പുറത്തു പറയരുതെന്ന് അധ്യാപികമാർ ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.
പ്രധാനാധ്യാപകരും മൂന്ന് അധ്യാപകരും ഉള്ള വീട്ടിലേക്ക് പലപ്പോഴായി കൊണ്ടുപോയത് അധ്യാപികയാണെന്നും ഇവരെല്ലാം മദ്യപിച്ചിരുന്നതായും ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്നും ഒരു വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി.
സംഭവം അറിഞ്ഞതിനെ തുടർന്ന് പരാതി പറയാനെത്തിയപ്പോൾ പ്രധാനാധ്യാപകൻ ഭീഷണിപ്പെടുത്തിയതായി ഒരു വിദ്യാർത്ഥിനിയുടെ പിതാവ് മൊഴി നൽകി. സഹോദരൻ മന്ത്രിയാണെന്നും പരാതി നൽകിയാൽ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി.