കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. കൊവിഡ് വകഭേദമായി ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിനുള്ളില്‍ പരിശോധനാ സംവിധാനങ്ങള്‍ കൂട്ടിയത്.
ആവശ്യക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഫലം നല്‍കുന്ന തരത്തിലാണ് നടപടി. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്കുമാണ് നിലവില്‍ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു മണിക്കൂറില്‍ 700 പരിശോധനകള്‍ നടത്തുന്നതില്‍ 350 പേര്‍ക്ക് സാധാരണ ആര്‍ടിപിസിആര്‍ ടെസ്റ്റും ബാക്കിയുള്ളവര്‍ക്ക് റാപിഡ് ആര്‍ടിപിസിആര്‍ ഉം ആണ് നടത്തുന്നത്.