മോഫിയ അനുഭവിച്ചിരുന്നത് കടുത്ത പീഡനങ്ങളായിരുന്നുവെന്ന് സുഹൃത്ത് ജോവിൻ വെളിപ്പെടുത്തി. സുഹൈൽ ഒരു ജോലിക്കും പോകില്ല. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും ഒരുവിധം എല്ലാ വിഷമങ്ങളും അവൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോവിൻ പറഞ്ഞു. തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും മോഫിയയുടെ സഹപാഠിയുമാണ് ജോവിൻ.
Click-വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅Click
പലതും വീട്ടിൽ അറിയിക്കുമെന്ന അവസ്ഥ വന്നതോടെയാണ് മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചു തുടങ്ങിയത്. സുഹൈലിന്റെ മാതാപിതാക്കളും മോഫിയയെ പല തരത്തിലും ദ്രോഹിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് സുഹൈലിന് ജോലി ഗൾഫിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, വിവാഹത്തിന് ശേഷം ഇനി തിരികെ ഗൾഫിലേക്കില്ലെന്നും സിനിമയിലേക്ക് ഇറങ്ങുകയാണെന്നും തിരക്കഥ മനസിലുണ്ടെന്നുമൊക്കെ പറഞ്ഞാണ് മോഫിയയെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, ഒന്നും ചെയ്യാതെ മൊബൈലിൽ ആയിരുന്നു മുഴുവൻ സമയവും. മോഫിയ അത് ചോദ്യം ചെയ്ത് തുടങ്ങിയതോടെ അവളോട് ദേഷ്യമായി. പിന്നീട് ശാരീരിക ഉപദ്രവവും തുടങ്ങി. സുഹൈലിന്റെ വീട്ടുകാരും അവളോട് മോശമായാണ് പെരുമാറി കൊണ്ടിരുന്നതെന്നും സുഹൃത്ത് ഒരു ഓൺലൈൻ ചാനലിൽ പറഞ്ഞു .
കോതമംഗലം ഇരുമലപ്പടി മാലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു മോഫിയയുടെ നിക്കാഹ്. യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി ഐ ഭർത്തൃവീട്ടുകാരുടെ മുന്നിൽ വച്ച് പിതാവിനെയുൾപ്പടെ അപമാനിച്ചെന്ന് കത്തെഴുതി വച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്.