കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാർഥിനി (Law Student) മോഫിയ പർവീൺ (Mofia Parveen) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്നും പിതാവ് ദിൽഷാദ് സലിം പറഞ്ഞു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിർത്താനും സുഹൈൽ മോഫിയയെ നിർബന്ധിച്ചിരുന്നു, ദിൽഷാദ് പറഞ്ഞു. രണ്ടരമാസമാണ് അവൾ അവിടെ താമസിച്ചത്. ഇത്രയുംനാൾ പുറത്തുപറയാൻ കഴിയാത്തവിധത്തിലുള്ള ലൈംഗീക വൈകൃതങ്ങൾക്കാണ് ഇരയായത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദ്ദിച്ചിരുന്നു. യുട്യൂബിൽ വിഡിയോ നിർമിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയിൽ പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അവൾ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച് തിരിച്ച് ഒടിക്കാനും ശ്രമിച്ചു.
ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയതെന്നും പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നതെന്നും ദിൽഷാദ് പറയുന്നു.