സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആൾജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്. ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രാവിലെ 11.45ഓടെയായിരുന്നു സ്വപ്‌ന പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജയിലിലെത്തി രേഖകൾ കൈമാറിയതിന് പിന്നാലെയാണ് മോചനം. സ്വർണക്കടത്തുമായി എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് സ്വപ്‌ന ജയിൽ മോചിതയായത്.