ഗൂഡല്ലൂർ; ദേവർഷോലയിൽ നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തീവ്രശ്രമത്തിനിടെ ആദിവാസി വയോധികനെ കടുവ കൊന്നു തിന്നു. വെള്ളിയാഴ്‌ച ഉച്ചയോടെ പശുക്കളെ മേയ്‌ക്കുകയായിരുന്ന മംഗള ബസവൻ എന്ന മാതനെയാണ് കടുവ പിടികൂടി കൊന്നു തിന്നത്. കഴിഞ്ഞയാഴ്‌ച ദേവൻ എസ്‌റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയെ ഇതേ കടുവ കൊന്നിരുന്നു.കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ കേരള–തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നൂറ്റമ്പതോളം പേരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഡ്രോൺ, കുങ്കിയാന എന്നിവയെ ഉപയോഗിച്ചാണ് തിരച്ചിൽ. വ്യാഴാഴ്ച രാത്രി തരിപ്പക്കൊല്ലി ചെമ്പൻകൊല്ലി ബോസ് പാറ മണ്ടക്കര വഴി കടുവ പോയത് ക്യാമറയിൽ പതിഞ്ഞിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പശുക്കളെ മേയ്‌ക്കുകയായിരുന്നു മാതനും കൂടെയുള്ളവരും. കടുവ കടിച്ചുകൊണ്ടുപോകുന്നത് കണ്ട് കൂടെയുള്ളവർ ബഹളം വച്ചെങ്കിലും മാതനെ കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും വനപാലകരും എത്തുമ്പോഴേക്കും മാതന്റെ കൈകളും തലയും നെഞ്ചും കടുവ ഭക്ഷിച്ചിരുന്നു. ഓടിരക്ഷപ്പെടുകയും ചെയ്‌തു. കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി മസിനഗുഡി ടൗൺ ഉപരോധിച്ചു.