വ്യാജഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് നല്‍കിയ 27കാരി അമിത രക്ത സ്രാവം മൂലം മരിച്ചു.ഹൊസൂരിലെ തോരപ്പള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം.27കാരിയുടെ മരണത്തിന് കാരണക്കാരനായ വ്യാജഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി .
പ്രദേശിക ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രത്തിനെത്തിയതായിരുന്നു യുവതി. എട്ടാഴ്ച ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സമ്മതിച്ച ഡോക്ടര്‍ ബുധനാഴ്ച ചില മരുന്നുകള്‍ യുവതിക്ക് നല്‍കി. എന്നാല്‍, മരുന്നുകള്‍ കഴിച്ചതോടെ യുവതിക്ക് അമിത രക്തസ്രാവമുണ്ടാകുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു . ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതിയെ തോരപ്പള്ളി പി.എച്ച്.സിയില്‍ എത്തിച്ചു. എന്നാല്‍, രക്തസ്രാവം നിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു . പ്രദേശത്ത് ക്ലിനിക്ക് നടത്തുന്നൊരാള്‍ മരുന്നു നല്‍കിയതോടെയാണ് 27കാരിയുടെ ജീവന്‍ അപകടത്തിലായതെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തി.
ഡോക്ടറുടെ യോഗ്യതകളെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. തിരുപ്പൂര്‍ സ്വദേശിയായ 59 കാരനായ മുരുഗേഷനാണ് ഇയാള്‍. കുറച്ചുവര്‍ഷങ്ങളായി ഇയാള്‍ ക്ലിനിക് നടത്തിവരുന്നു. അക്യൂപങ്ചര്‍ സ്പെഷലിസ്റ്റായ ഇയാളുടെ ക്ലിനിക്കില്‍നിന്ന് അലോപതി മരുന്നുകളും കണ്ടെത്തി. ക്ലിനിക് സീല്‍ ചെയ്യുകയും മരുന്നുകള്‍ തെളിവിനായി ശേഖരിക്കുകയും ചെയ്തു’ -ഡ്രഗ് ഇന്‍സ്പെക്ടര്‍ രാജീവ് ഗാന്ധി വ്യക്തമാക്കി . അതെ സമയം യുവതിക്ക് വ്യാജ ഡോക്ടര്‍ കുത്തിവെച്ച മരുന്ന് ഏതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ക്ലിനിക്കില്‍ നിന്ന് സിറിഞ്ച് മാത്രം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രം നിയമപരമായ നടപടി ക്രമമാണെന്നും അതിനായി സര്‍ക്കാര്‍ ആശുപത്രികളെ മാത്രം സമീപിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി .