തിരുവനന്തപുരം: എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ്. എൻ.സി.പി. കേരള’ എന്ന നിലയിൽ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനുള്ള ശ്രമം കാപ്പൻ നടത്തുന്നതിനിടെയാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പള്ളി പറഞ്ഞതിനെ ശെരി വെച്ചു ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെങ്കിലും കൂടുതൽ സീറ്റു നൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.
പാർട്ടിയെന്ന നിലയിൽ എൻ.സി.പി. ഇടതുമുന്നണി വിട്ടുവരികയാണെങ്കിൽ യു.ഡി.എഫിൽ ഘടകകക്ഷിയാക്കുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടു തന്നെ പാർട്ടിയെന്ന നിലയിൽ മുന്നണിയുടെ ഭാഗമാക്കാൻ കോൺഗ്രസ് മടിക്കുന്നു. കാപ്പന് കോൺഗ്രസ് അംഗത്വം നൽകി പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്. അല്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പാലായിൽ മത്സരിക്കാം. പ്രത്യേകകക്ഷിയായി മുന്നണിയിലെടുത്ത് കൂടുതൽ സീറ്റുകൾ നൽകിയാൽ മറ്റൊരപകടവും കോൺഗ്രസ് കാണുന്നു. വീണ്ടും എൻ.സി.പി.കൾ ലയിക്കുന്ന സാഹചര്യമുണ്ടായാൽ നഷ്ടം യു.ഡി.എഫിനാകും. ഇത്തരം വിലയിരുത്തലാണ് കാപ്പൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിച്ചത്.