കൊണ്ടോട്ടി: സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ലൈംഗികചൂഷണം നടത്തുന്ന യുവാവ് പിടിയില്‍. പൊന്നാനി ടി.ബി ആശുപത്രി ബീച്ചില്‍ മാറാപ്പിെന്റകത്ത് വീട്ടില്‍ ജാബിറാണ് (21) കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.അച്ഛനില്ലാത്ത 16 വയസ്സുകാരിയെ വീട്ടില്‍ നിന്ന് കാണാനില്ലെന്ന് പറഞ്ഞ് കൊണ്ടോട്ടി സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ജാബിര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതോടെ പൊലീസ് പെണ്‍കുട്ടിയുടെ നമ്പറിൽ ബന്ധപ്പെടുകയും കോട്ടക്കലില്‍ നിന്ന്കണ്ടെത്തുകയുമായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം സൈബര്‍ പൊലീസിെന്റ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവില്‍ പൊന്നാനി ബീച്ചില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 12നും 17 നുമിടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്നഫോട്ടോകളും വിഡിയോകളും കണ്ടെടുത്തു. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഡി.പി ഫോട്ടോകളില്‍ കൃത്രിമം നടത്തി പെണ്‍കുട്ടികളെ വശീകരിച്ച് നഗ്നഫോട്ടോകള്‍ കൈക്കലാക്കുകയും പീഡനത്തിനിരയാക്കലുമാണ് പതിവ്.കൂടാതെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി. നഗ്നവിഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്താല്‍ വന്‍തുക ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് നിരവധി ഫോട്ടോകളും വിഡിയോകളും വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തത്. തെക്കന്‍ ജില്ലകളിലെ 12 മുതല്‍ 18 വയസ്സുള്ള നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വലവീശി സൗഹൃദത്തിലാക്കിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശിനിയായ മറ്റൊരു 14കാരിയെ ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചു. കൊണ്ടോട്ടി സി.ഐ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാട്ടൂര്‍, സതീഷ് നാഥ്, അബ്ദുല്‍ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.