സംസ്ഥാനത്തെ മത്സ്യബന്ധന നൗകകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചു. നൗകകൾക്കും ഉപകരണങ്ങൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇനിമുതൽ നഷ്ടപരിഹാരം ഇൻഷുറൻസ് പദ്ധതി പ്രകാരമല്ലാതെ അനുവദിക്കില്ല. കേരളത്തിലെ ഒമ്പത് മത്സ്യബന്ധന-തീരദേശ ജില്ലകളിലേക്കും ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഫിഷറീസ് വകുപ്പ് അയച്ചുകഴിഞ്ഞു. മീൻപിടിത്ത നൗകകളും എൻജിനും പ്രീമിയം അടച്ച് ഇൻഷുറൻസ് എടുക്കുന്നതിനുള്ള പദ്ധതിയായ ‘മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി’ ഫിഷറീസ് വകുപ്പ് 2018 മുതൽ നടപ്പാക്കി വരുന്നുണ്ട്. പ്രീമിയം തുകയിൽ ഗുണഭോക്തൃവിഹിതം 10 ശതമാനവും സർക്കാർ വിഹിതം 90 ശതമാനവുമാണ്. നൗക ഉടമകൾ, ഇപ്രകാരം വരുന്ന തുക അടച്ച് പദ്ധതിയിൽ അംഗമാകാതിരിക്കുകയും, ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയെ കാര്യമാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലുംപെട്ട് മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെടുമ്പോൾ നഷ്ടപരിഹാര തുകക്കുള്ള ശിപാർശകളും സമ്മർദങ്ങളും സർക്കാറിന് വലിയതോതിൽ അധികബാധ്യത ഉണ്ടാക്കുന്നതായാണ് വിലയിരുത്തൽ. ഇതു മുൻനിർത്തിയാണ് മത്സ്യ ഉപകരണങ്ങൾക്കുണ്ടാകുന്ന നഷ്ടപരിഹാരം മേലിൽ ഇൻഷുറൻസ് പദ്ധതി പ്രകാരമല്ലാതെ അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിക്കിറയത്.