കാസർകോട്: ഇന്നു പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. അതേസമയം, സുനാമി മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.