കൊച്ചി: കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു മരണം. ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അപകടം.
കാക്കനാട് മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറായിരുന്നു അഹമ്മദ് നൂര്‍. ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഹമ്മദ് നൂറിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
അഹമ്മദ് നൂർ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെ.എം.ആർ.എല്‍ അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും അറിയിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നല്‍കും. ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആഭ്യന്തര അന്വേഷണവും കെ.എം.ആർ.എൽ നടത്തും.