തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് തൃശൂരിൽനിന്നു പിടിയിൽ

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് തൃശൂരിൽനിന്നു പിടിയിൽ

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂര്‍ മാളയിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലർച്ചെ അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അൽപസമയത്തിനകം പ്രതിയെ കോട്ടയത്തെത്തിക്കും. ഇതിനുശേഷം ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10നു ശേഷമാണു കൊലപാതകമെന്നാണു നിഗമനം. വീടിന്റെ മതിൽ ചാടി എത്തിയ അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ടു വിടവുണ്ടാക്കി. ആദ്യം ജനൽ തുറന്നു. തുടർന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളിൽക്കയറിയ അക്രമി രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയിൽ ആഴത്തിലേറ്റ മുറിവിൽനിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം

Leave a Reply..

Back To Top
error: Content is protected !!