ഐഎഫ്എഫ്കെയുടെ അവസാന ദിനം പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത് മികച്ച സിനിമകള്‍

ഐഎഫ്എഫ്കെയുടെ അവസാന ദിനം പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത് മികച്ച സിനിമകള്‍

29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകള്‍. മേളയുടെ സമാപന ചടങ്ങിന് ശേഷം സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിശാഗന്ധിയില്‍ നടക്കും.

യൂണിവേഴ്സല്‍ ലാംഗ്വേജ്
മാത്യു റങ്കിന്‍ സംവിധാനം ചെയ്ത യൂണിവേഴ്സല്‍ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാര്‍വത്രികതയെ എടുത്തുകാട്ടുന്നു. ഐസില്‍ പുതഞ്ഞ രീതിയില്‍ പണം കണ്ടെത്തുന്ന രണ്ട് സ്ത്രീകള്‍, വിനോദസഞ്ചാരികളുടെ സംഘത്തെ നയിക്കുന്ന ടൂര്‍ ഗൈഡ്, അമ്മയെ സന്ദര്‍ശിക്കാനായി പുറപ്പെടുന്ന വ്യക്തി എന്നീ അപരിചിതരുടെ ജീവിതം പരസ്പരബന്ധിതമാകുന്നതാണ് കഥ. കൈരളി തിയേറ്ററില്‍ രാവിലെ 11.30ന് ചിത്രം പ്രദര്‍ശിപ്പിക്കും.

മൂണ്‍
ശക്തമായ ആഖ്യാനരീതികൊണ്ടും ദൃശ്യഭാഷ കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു കുര്‍ദ്വിന്‍ അയൂബ് സംവിധാനം ചെയ്ത മൂണ്‍. ധനിക കുടുംബത്തിലെ മൂന്നു സഹോദരിമാരെ ആയോധനകല പരിശീലിപ്പിക്കാന്‍ എത്തുന്ന സാറ നേരിടുന്ന ചോദ്യങ്ങളാണു സിനിമയുടെ ഇതിവൃത്തം. ചിത്രം ശ്രീ തിയേറ്ററില്‍ രാവിലെ 9.15ന് പ്രദര്‍ശിപ്പിക്കും.

എയ്റ്റീന്‍ സ്പ്രിങ്സ്
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് ആന്‍ ഹുയിയുടെ ചിത്രമായ എയ്റ്റീന്‍ സ്പ്രിങ്സ് നിളാ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 1930കളിലെ ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടപ്രണയത്തിന്റെ കഥ പറയുകയാണ് ഈ സിനിമ.

വെയ്റ്റ് അണ്‍ടില്‍ സ്പ്രിംഗ്
ഛായാഗ്രാഹകനായി പേരെടുത്ത അഷ്‌കന്‍ അഷ്‌കാനിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11.15ന് പ്രദര്‍ശിപ്പിക്കും. ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്ത യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

കൂടാതെ, ബ്ലാക് ഡോഗ്, ഗേറ്റ് ടു ഹെവന്‍, ക്രോസിംഗ്, കിസ്സ് വാഗണ്‍, കില്‍ ദ ജോക്കി, ലൈറ്റ് ഫാള്‍സ്, മിസെരികോര്‍ഡിയ തുടങ്ങിയ ചിത്രങ്ങളും അവസാന ദിവസം പ്രദര്‍ശനത്തിനെത്തുന്നു.

Back To Top
error: Content is protected !!