ഗർഭിണിയെ തുണിയിൽ ചുമന്ന സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

ഗർഭിണിയെ തുണിയിൽ ചുമന്ന സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ആരോഗ്യമേഖലയെയും പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മിഷൻ ആരോപിച്ചു. അട്ടപ്പാടി സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ യുവതിയെ റോഡ് സൗകര്യമില്ലാത്തതിനാൽ തുണി കൊണ്ടുള്ള മഞ്ചലിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നിരുന്നു. അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചേർന്ന് ചുമന്നത്. ആശുപത്രിയിലെത്തിച്ച ഉടനെ യുവതി പ്രസവിച്ചു.

ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം വഴിയും തുടർന്ന് വനത്തിലൂടെ മൂന്നര കിലോമീറ്റർ സഞ്ചരിച്ചും വേണം കടുകമണ്ണ ഊരിലെ താമസക്കാർക്ക് പുറംലോകത്തെത്താൻ. 2018 ലെ പ്രളയത്തിൽ തകർന്ന പാലം വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ആദിവാസികൾക്ക് പുറംലോകത്തെത്താൻ കനത്ത മഴയത്ത് പോലും പുഴ മുറിച്ചു കടക്കേണ്ട അവസ്ഥയാണ്.