‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും

‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും

‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ (Marakkar) വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ കമ്പനി’ എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് തന്നെ സിനിമ കാണണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചിരുന്നു. ഇന്നു രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഈരാറ്റുപേട്ടയില്‍ ഒരു മൊബൈല്‍ കടയുടെ ഉടമയാണ് ഇയാള്‍. എന്നാൽ മോഹൻലാൽ ആരാധകനായ  സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ മറ്റൊരു ഗ്രൂപ്പിൽ വന്ന പ്രിന്‍റ് ഫോർവേഡ് ചെയ്യുകയായിരുന്നുവെന്നാണ് അറസ്റ്റിന് മുമ്പ് നസീഫ് വിശദീകരിച്ചത്. അതേസമയം മരക്കാറിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിക്കാണ് പൊലീസ് നീക്കം. കൂടുതൽ പേർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. തെളിവുകൾ ശേഖരിച്ച ശേഷം ഇവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

Back To Top
error: Content is protected !!