കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടി വിവാഹസദ്യ കഴിക്കാൻ പോയ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പന്നിക്കോട്ടൂർ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വിവാഹവീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോളിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യവിഷബാധയേറ്റ് വിവാഹത്തിൽ പങ്കെടുത്ത 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഈ മാസം 11 ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ ഇന്നലെയാണ് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന യാമിനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിക്കുന്നത്. അവിടെ നിന്ന് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് കല്യാണ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ ആരോഗ്യവകുപ്പ് ഇടപെട്ട് അടച്ചുപൂട്ടിയിരുന്നു.
യാമിന്റെ പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ മരണ കാരണം വ്യക്തമായിട്ടില്ല. ഇതോടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ആശുപത്രിയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ എത്തിയിട്ടുണ്ട്. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് തവണ കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ അത് പരിഗണിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.