തൃശ്ശൂര്‍: പ്രളയത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച് പുഴയുടെ തീരങ്ങളില്‍ നട്ടുവളര്‍ത്തിയ മുളകള്‍. വന്മരങ്ങള് പോലും കടപുഴകി കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു കാരണമായപ്പോഴാണ് മുളകള്‍ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചത്.
ഭാരതപ്പുഴയുടെ തീരങ്ങളാണ് പുഴസംരക്ഷണത്തില്‍ മുളകള്‍ക്കുള്ള പങ്കിന് സാക്ഷ്യംപറയുന്നത്. പീച്ചി വനഗവേഷണ കേന്ദ്രം പ്രളയത്തിനു ശേഷം നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇതു വ്യക്തമായത്.
വന്‍തോതിലുള്ള മണ്ണൊലിപ്പാണ് ഭാരതപ്പുഴയുടെ തീരങ്ങളില്‍ ഉണ്ടായത്. എന്നാല്‍, നട്ടുവളര്‍ത്തിയ മുളകള്‍ ഇതിനെ അതിജീവിച്ചു. പ്രളയത്തിന്റെ ആഘാതം കുറയ്ക്കാനായി എല്ലാ പുഴകളിലും നടപ്പാക്കാവുന്ന രീതിയാണ് മുളനടീലെന്ന് വനഗവേഷണകേന്ദ്രം ഡയറക്ടര്‍ ശ്യാം വിശ്വനാഥ് പറഞ്ഞു. വര്‍ഷാവര്‍ഷം ഇവ വെട്ടി ഒതുക്കിക്കൊടുക്കണമെന്നുമാത്രം.
2007 മുതല്‍ 2011 വരെയുള്ള കാലത്താണ് ഭാരതപ്പുഴയുടെ തീരങ്ങളില്‍ മുള നട്ടത്. പുഴയുടെ തീരം ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പ്, കൃഷിവകുപ്പ്, വനഗവേഷണകേന്ദ്രം എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഇതില്‍ 20 ശതമാനം മാത്രമാണ് വളര്‍ന്നത്.
മണ്ണൊലിപ്പിനെ കൂടുതല്‍ കാര്യക്ഷമമായി തടയുന്ന രീതിയിലാണ് ഇവയുടെ വേരുകളെന്ന് വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് എ.വി. രഘു പറഞ്ഞു.