കോഴിക്കോട്: വാഹന യാത്രകളില്‍ ഇനി യഥാര്‍ഥ രേഖകള്‍ കൈയിലുണ്ടാവണമെന്ന നിര്‍ബന്ധമില്ലെന്ന് കേരളാ പോലീസ്. ഡിജിലോക്കര്‍, എം പരിവാഹന്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകല്‍ നിയമ പരമായ സാധുതയോടെ പോലീസ് അംഗീകരിക്കുമെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നല്കിയ കുറിപ്പില്‍ കേരളാ പോലീസ് വ്യക്തമാക്കി.
പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിജിലോക്കര്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമ, ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഐടി ആക്റ്റ് പ്രകാരം ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജിലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാല്‍ മതി.
രേഖകളുടെ ഒറിജിനലോ പകര്‍പ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോള്‍ കാട്ടിക്കൊടുക്കുന്നതിനോ ഷെയര്‍ ചെയ്തു നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജിലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്കു രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം.
ഡ്രൈവിങ് ലൈസന്‍സിന്റേയും വാഹന രജിസ്ട്രേഷന് രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കിക്കൊണ്ട് കഴിഞ്ഞമാസം കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നീ സര്‍ക്കാരിന്റെ തന്നെ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് സര്‍ക്കാര്‍ നിയമ സാധുത നല്‍കുന്നത്.
വളരെ മുമ്പ് തന്നെ ഈ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ സൂക്ഷിക്കുന്ന രേഖകള്‍ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ പ്രയാസം അകറ്റുന്ന ഈ ആപ്പുകള്‍ക്ക് നിയമസാധുതയില്ലാത്തത് പരാതികള്‍ക്കിടയാക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് തന്നെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പിലാക്കുന്നതായി അറിയിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.