ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ഇവര്‍ക്കെതിരെ സിപിഐ യുവജന സംഘടന പൊലീസില്‍ പരാതി നല്‍കി.
കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി കോവിഡിനെ അകറ്റി നിര്‍ത്തിയത്. അവിടേക്കാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച മാസ്‌ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യൂട്യൂബ് ചാനല്‍ ഉടമയായ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ‘വിനോദയാത്ര’ വിവാദമായത്. കോവിഡില്‍ നിന്ന് സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ് എം.പിയുടെയും യൂടൂബറുടെയും നടപടിയെന്നാണ് സാമൂഹിക- ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പി വിശദീകരിക്കുന്നത് . എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റ പ്രവര്‍ത്തന മേഖഖ സന്ദര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എംപിക്കൊപ്പമെത്തിയവരാണ് സന്ദര്‍ശന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എംപി ക്കൊപ്പം ഉല്ലാസയാത്രയെന്നാണ് യൂട്യൂബില്‍ തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിത്രം വിവാദമായതോടെ തലക്കെട്ട് മാറ്റി.
യൂട്യൂബറുടെ കച്ചവട താല്‍പര്യത്തിനായി ഇടമലക്കുടിയിലെ സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എം.പി അവസരമൊരുക്കിയെന്നാണ് ആരോപണം ഉയരുന്നത്.