കൊച്ചി : ആലുവയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. ഭർത്താവ് ജൗഹർ, ജൗഹറിന്റെ അമ്മ സുബൈദ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഗാർഹിക പീഡനം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്നും ആലങ്ങാട് സിഐ അറിയിച്ചു. ഭർത്താവിൻറെ മർദ്ദനത്തിൽ പരിക്കേറ്റ നഹ്‍ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആലുവ തുരുത്ത് സ്വദേശിയായ സലീമിൻറെ മകൾ നഹ്‌ലത്തിനെയാണ് ഭർത്താവ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകളെ പിടിച്ചുമാറ്റാനെത്തിയ സലീമിനും മർദ്ദനമേറ്റിരുന്നു. പറവൂർ മന്നം സ്വദേശി ജൗഹറിൻറെയും നഹ്‌ലത്തിന്റേയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്ത് ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കകം കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയതായി നഹ്‌ലത്ത് ബന്ധുക്കളോട് പറഞ്ഞു.
സ്ത്രീധനമായി നൽകിയ തുക ഉൾപ്പടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കടം വീട്ടാൻ വീട് വിൽക്കുകയാണെന്നും കരാർ എഴുതാനായി എത്തണമെന്നും ജൗഹർ നഹ്‌ലത്തിൻറെ പിതാവ് സലീമിനെ അറിയിച്ചു. ഇതനുസരിച്ച് വീട്ടിലെത്തിയ സലീമിനെ ഒഴിവാക്കിക്കൊണ്ട് ജൗഹറും മാതാവും പുറത്തുപോയി.
ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം തിരിച്ചെത്തിയ ജൗഹർ കരാർ എഴുതിയെന്നും സലീമിനോട് തിരികെ പോകാനും പറഞ്ഞു. ഇതേച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ ഇയാൾ നഹ്‌ലത്തിന്റെ വയറ്റിൽ ചവിട്ടുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ സലീമിനും മർദ്ദനമേറ്റു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.