കോവിഡ് ബാധിതർ 7 ലക്ഷം കടന്ന ബെംഗളൂരു നഗരത്തിൽ ഓരോ മണിക്കൂറിലും പോസിറ്റീവാകുന്നത് 700 പേർ വീതം. നഗരത്തിലെ 16 പേരിൽ കോവിഡ് വൈറസിന്റെ ഇരട്ട വ്യതിയാന വകഭേദം ( ബി.1.617) കൂടി സ്ഥിരീകരിച്ചതോടെ സ്ഥിതി ഇനിയും രൂക്ഷമാകുമോ എന്ന് ആശങ്കയുണ്ട്. കോവിഡിന്റെ 34 വകഭേദങ്ങൾ നേരത്തെ തന്നെ ഇവിടെ കണ്ടെത്തിയിരുന്നു. ഒരു ചതുരശ്ര കിലോമീറ്റർ പരിധിയിൽ നിലവിൽ 300 കോവിഡ് ബാധിതരാണുള്ളത്. ആശുപത്രികളിൽ ഓക്സിജൻ, തീവ്രപരിചരണ, വെന്റിലേറ്റർ കിടക്കകൾ ലഭിക്കാതെ വന്നതോടെ പലരും ചികിത്സയ്ക്കായി മൈസൂരു, ഹുബ്ബള്ളി നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്നലെ മാത്രം 22,596 പേരാണു ബെംഗളൂരുവിൽ പോസിറ്റീവായത്. 137 പേർ മരിച്ചു. കർണാടകയിലെ മൂന്നു ലക്ഷത്തിലേറെയുള്ള കോവിഡ് ബാധിതരിൽ 2 ലക്ഷത്തിലധികവും ബെംഗളൂരുവിലാണ്. മേയ് അവസാന വാരത്തോടെ കർണാടകയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷമായി ഉയരുമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) മുന്നറിയിപ്പു നൽകിയിട്ടുള്ളത്.