കോഴിക്കോട്: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് (വെള്ളി) സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ അമിത് ഷായും യോഗിയും നടപ്പാക്കുന്ന അതേ നടപടിയാണ് പിണറായി വിജയനും തുടരുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 519 കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ സത്യസന്ധതയുണ്ടെങ്കില്‍ ഈ കേസുകള്‍ നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാവണം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ കബളിപ്പിക്കുന്നതിന് സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നതിന് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ കേസുകള്‍ കുത്തിപ്പൊക്കി വേട്ടയാടുകയാണെന്നും എസ്.ഡി.പി.ഐ ആരോപിച്ചു