കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവര്‍ന്നെടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ കേള്‍ക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണെന്നും വിജയരാഘവന്‍ പറഞ്ഞു.സാധാരണക്കാരന് വഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് ഇന്ധനവില. പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന ജനമായി നമ്മള്‍. പ്രതിദിന വിലക്കയറ്റത്തിലൂടെ പെട്രോളിന് 100 രൂപയായി . അവശ്യവസ്തുക്കള്‍ക്ക് ഇതുണ്ടാക്കുന്ന വിലക്കയറ്റം രൂക്ഷമായി.പാചകവാതകത്തിന് വില 800 രൂപയായി. സാധാരണക്കാരന്റെ വിഷമങ്ങള്‍ കാണാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
വിലക്കയറ്റം പോലുള്ള ജനദ്രോഹത്തിനൊപ്പം സമൂഹത്തെ വലിയ തോതില്‍ വര്‍ഗീയ വത്കരിക്കുകയാണ് മോഡിസര്‍ക്കാര്‍. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭയപ്പെടുത്തുകയും വിദ്വേഷത്തിന്റെ രാഷ്ട്രിയം പ്രചരിപ്പിക്കുകയുമാണ്. ഈ തീവ്രവാദ ഹിന്ദുത്വ മുന്‍ഗണനകള്‍ സമൂഹത്തിലുണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. ന്യൂനപക്ഷ വിരുദ്ധമായ നിയമങ്ങള്‍ വേഗത്തില്‍ നടപ്പാക്കി ആര്‍എസ്‌എസ് അജണ്ട സഫലീകരിക്കനാണ് മോഡി ഭരണകൂടം കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ച സര്‍ക്കാരാണ് മോഡിയുടേത്.ന്യൂനപക്ഷ വിരുദ്ധത ഉയര്‍ത്തിപിടിച്ചാണ് ഭൂരിപക്ഷ വര്‍ഗീയത വളരുന്നത്. ആ ഭൂരിപക്ഷ വര്‍ഗീയതക്ക് കോര്‍പ്പറേറ്റ് സഹായവും ഉണ്ട്. അതുകൊണ്ട്തന്നെ ഭൂരിപക്ഷ വര്‍ഗീതയാണ് വലിയ ഭീഷണിയെന്നും വിജയരാഘവന്‍ പറഞ്ഞു.