മാവൂർ: അപകടഭീഷണിയിലായ മുഴാപ്പാലം പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി തുടങ്ങി. ചാത്തമംഗലം-മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻെറ കരിങ്കൽ ഭിത്തിയും കൈവരിയും അടക്കം ഏറെക്കാലമായി തകർന്ന നിലയിലായിരുന്നു. മാവൂർ-കണ്ണിപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന മിനി ബസുകളടക്കം നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാലമാണിത്.പാലത്തിലൂടെയുള്ള യാത്ര ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച് പാലം പുതുക്കിപ്പണിയാൻ നിർദേശിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 1.4 കോടി രൂപ ഉപയോഗിച്ചാണ് പുതുക്കിപ്പണിയുന്നത്.