കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സി.സി പെർമിറ്റ് നൽകുബോള് കോർപറേഷൻ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം. നേരത്തേ സി.സി പെർമിറ്റ് ലഭിച്ചവർക്ക് വീണ്ടും ഇത് നൽകേണ്ടതില്ലെന്നും തീരുമാനമായി. ഇലക്ട്രിക് ഓട്ടോ പ്രശ്നം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലക്ടർ റോഷ്നി നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലെ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ആർ.ടി.എ ബോർഡാണ് തീരുമാനത്തിന് അന്തിമാംഗീകാരം നൽകേണ്ടത്.
4337 സി.സി പെർമിറ്റുള്ള ഓട്ടോകൾ ഇപ്പോൾ നഗരത്തിൽ ഓടുന്നതായാണ് കണക്ക്. 4040 ഓട്ടോകൾ മാത്രമേ പൊലീസ് ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കൃത്യമായി പരിശോധിച്ചാൽ ഇത് ഇനിയും കുറയാനാണ് സാധ്യത. നഗരം വികസിക്കുന്ന സമയത്തു ഇനിയും ഓട്ടോകൾ ആവശ്യമായി വരും. ഈ സാഹചര്യങ്ങളിൽ ഇലക്ട്രിക് ഓട്ടോകൾ വരുന്നതിൽ തെറ്റില്ലെന്നാണ് പൊലീസ് നിലപാട്.ഇലക്ട്രിക് ഓട്ടോകളുടെ വരവ് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും അനാവശ്യ പരാതികളുമായി ബുദ്ധിമുട്ടിക്കുകയാണെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പെർമിറ്റ് വേണ്ട എന്നത് 1988 മുതലുള്ള നിയമമാണെന്നും ഇത്തരം ഓട്ടോകൾ ഈയിടെ വ്യാപകമായതാണ് ഇപ്പോൾ പ്രശ്നമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. 2018ലെ ഉത്തരവ് പ്രകാരം കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ 3000 ഇലക്ട്രിക്-എൽ.പി.ജി വാഹനങ്ങൾക്ക് ഓടാൻ അനുമതിയുണ്ട്. 2000 എണ്ണവും ഇലക്ട്രിക് ഓട്ടോകളാണ്