തിങ്കളാഴ്ച രാത്രി പാവണ്ടൂരിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ കാക്കൂർ പൊലീസ് സ്റ്റേഷൻ ഓഫിസർ ബി.കെ. സിജുവിൻെറ നേതൃത്വത്തിെല അന്വേഷണ സംഘം പിടികൂടി.
ഈന്താട് പനോളി ഇർഫാൻ ഷായാണ് (19) പിടിയിലായത്. ഇർഫാൻ ഷാ കുടുംബ സമേതം കാറിൽ ചീക്കിലോട് നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാക്കൂരിൽനിന്നും ബൈക്കിൽ വരുകയായിരുന്ന കൊളത്തൂർ സ്വദേശിയായ മേലേ എറശ്ശേരി അരുണിനെ (26) ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് അരുണിനെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി അരുൺ മരിച്ചു. അന്വേഷണത്തിൻെറ ഭാഗമായി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടസ്ഥലത്തുനിന്ന് കിട്ടിയ കാറിൻെറ റിയർവ്യൂ മിററിൻെറയും വീൽ കപ്പിൻെറയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കാർ കണ്ടെത്താനും ഡ്രൈവറെ പിടികൂടാനും സഹായിച്ചത്. കാർ വീടിൻെറ ഷട്ടർ ഇട്ട പോർച്ചിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ. ജയരാജൻ, എ.എസ്.ഐ പി.എം. രവീന്ദ്രൻ, സി.പി.ഒമാരായ സുരേഷ് ബാബു, കെ.ടി. മുഹമ്മദ് റിയാസ്, ഹോം ഗാർഡ് സത്യൻ, സുരേഷ് എന്നിവരുമുണ്ടായിരുന്നു