മലപ്പുറം: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ 2016 മുതല്‍ 2020 നവംബര്‍ വരെ 32 കേസുകളാണ് പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 20പേരെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി പാണ്ടിക്കാട് പൊലീസ് പറഞ്ഞു.
2016ല്‍ 13 വയസുള്ളപ്പോഴാണ് പീഡനത്തിന് ഇരയായ സംഭവത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിയുന്നു. ലോക്ഡൗണിന് തൊട്ടുമുൻപാണ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്. എന്നാല്‍, പിന്നീട് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കൗണ്‍സലിങ് നല്‍കുന്നതിലും അധികൃതര്‍ക്ക് വീഴ്ച പറ്റിയതായാണ് കണ്ടെത്തല്‍.
ഇതിനുശേഷമാണ് 29 പോക്സോ കേസുകള്‍ ഇതേ പെണ്‍കുട്ടി ഇരയായി പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെയാണ് വീണ്ടും ലൈംഗികാതിക്രമം ഉണ്ടായത്. അതേസമയം, ഇരയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കുട്ടിയെ കണ്ടെത്തി കൗണ്‍സലിങ് നടത്തിയതിെന്‍റ അടിസ്ഥാനത്തിലാണ് മൂന്നാമതും കുട്ടി പീഡനത്തിനിരയായ വിവരമറിഞ്ഞതെന്നും ഈ സംഭവത്തിലാണ് 29 പേര്‍ക്കെതിരെ കേസെടുത്തതെന്നും പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജേഷ് ഭാസ്കര്‍ പറഞ്ഞു.
രക്ഷിതാക്കളോ ബന്ധുക്കളോ പ്രതികളല്ലെങ്കില്‍ കുട്ടികളെ അവര്‍ക്കൊപ്പം വിടാം. കുട്ടിയെ വിട്ടുകിട്ടാന്‍ രക്ഷിതാക്കള്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ വിട്ടുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.