കോഴിക്കോട്: കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ എം.ആർ.ഐ യൂനിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ മാസം അഞ്ചിന് മന്ത്രി കെ.കെ. ശൈലജ ടെലി കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും. കോവിഡിന് തൊട്ടുമുമ്പ് ആറുകോടി രൂപ ചെലവിട്ട് വാങ്ങിയ എം.ആർ.ഐ മെഷീൻ കാലങ്ങളോളം എ.സി.ആർ ലാബിന് സമീപം പെട്ടിക്കുള്ളിൽ കിടക്കുകയായിരുന്നു. ഡിസംബർ 22ഓടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഔപചാരിക ഉദ്ഘാടനമാണ് അഞ്ചിന് നടക്കുന്നത്. നവീകരിച്ച സി.ടി സ്കാൻ യൂനിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും. സി.ടി സ്കാൻ, എം.ആർ.ഐ എന്നിവ പ്രവർത്തിപ്പിക്കാൻ ഡോക്ടർമാരെയും റേഡിയോളജിസ്റ്റുകളെയും കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ നിയമിച്ചിട്ടുണ്ട്.