സവാള അതവാ വലിയ ഉള്ളിയുടെ കൃഷി സംസ്ഥാനത്ത് വ്യാപകമായിട്ടില്ല. പക്ഷെ സവാള വിജയകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു പച്ചക്കറിയാണ്.മഞ്ഞുകാലമാണ് സവാള കൃഷിചെയ്യാന്‍ അനുകൂല സമയം. അതായത് നവംബര്‍ മുതല്‍ ഫെബ്രുവരിവരെ. സവാളയുടെ വിത്താണ് നടീല്‍വസ്തു. അതിനാല്‍ ഈ മാസം അവസാനത്തോടെ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തണം. തൈകള്‍ക്ക് ഏതാണ്ട് നാലാഴ്ച പ്രായമാകുമ്പോഴാണ് പറിച്ചുനടാന്‍ പ്രായമാകുന്നത്. അതിനനുസരിച്ച് വിത്ത് നടുന്ന സമയം ക്രമീകരിക്കണം. തവാരണകളിലോ പ്രോട്രേകളിലോ തൈകള്‍ തയ്യാറാക്കാം. മഴക്കാലമായതിനാല്‍ മഴയില്‍നിന്നു സംരക്ഷണം കിട്ടത്തക്കവിധം മഴമറകളിലോ പോളിഹൗസുകളിലോ വേണം തൈകള്‍ തയ്യാറാക്കേണ്ടത്.
തവാരണകളിലാണ് തൈകള്‍ തയ്യാറാക്കുന്നതെങ്കില്‍ മഴമറയ്ക്കുള്ളില്‍ ചെറുതടങ്ങള്‍ എടുക്കണം. ഒരുസെന്റ് സ്ഥലത്തെ കൃഷിക്കുള്ള തൈകള്‍ ഉണ്ടാക്കാനായി 30 ഗ്രാം വിത്ത് ആവശ്യമായിവരും. ഇതില്‍നിന്ന് ഏകദേശം 1500 വരെ നല്ല തൈകള്‍ ലഭിക്കും. വിത്ത് പാകുന്നതിനുമുമ്പ് മണ്ണ് പഴകിയ ചാണകമോ, പാകംവന്ന കംബോസ്റ്റോ ചേര്‍ത്ത് നല്ല വളപുഷ്ടി വരുത്തണം. ഇതോടാപ്പം ഒരുചതുരശ്രമീറ്റര്‍ സ്ഥലത്തിന് 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസോ, ടൈക്കോഡര്‍മയോ ചേര്‍ക്കുന്നത് തൈകളെ ബാധിച്ചേക്കാവുന്ന അഴുകല്‍ രോഗങ്ങള്‍ക്കും മറ്റും പ്രതിരോധമാകും.
അല്‍പ്പം ചെലവ് കൂടുമെങ്കിലും പ്രോട്രേകളിലും സവാള തൈകള്‍ തയ്യാറാക്കാം. പല വലുപ്പത്തിലുള്ള പ്രോട്രേകള്‍ നമുക്ക് വാങ്ങാന്‍കിട്ടും. പ്രോട്രേകള്‍ കൈകാര്യംചെയ്യാന്‍ വളരെ എളുപ്പമുണ്ട്. രോഗാണുവിമുക്തമായ മാധ്യമത്തില്‍ വളര്‍ത്തുന്നതുകൊണ്ട് മണ്ണില്‍ക്കൂടി വളരുന്ന രോഗകീടബാധ ഉണ്ടാകില്ല എന്ന നേട്ടവുമുണ്ട്. മുളച്ചശേഷം ചെടികള്‍ നശിച്ചുപോകുന്നത് അപൂര്‍വമാണ്.
രോഗകീട വിമുക്തമാക്കിയ ചകിരിച്ചോറ് കമ്പോസ്റ്റ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് ഇവ യഥാക്രമം 3:1:1 എന്ന അനുപാതത്തിലെടുത്ത് മിശ്രിതം തയ്യാറാക്കണം. ഇവയുടെകൂടെ സ്യൂഡോ മോണസ് ചേര്‍ത്ത വെള്ളം കുടഞ്ഞ് പുട്ടുപൊടി പരുവത്തില്‍ മിശ്രിതം തയ്യാറാക്കി ട്രേകളില്‍ നിറയ്ക്കണം. ചകിരിപ്പൊടി പ്രസ് ചെയ്ത് ബ്‌ളോക്കുകളായി പല വലുപ്പത്തിലുള്ളത് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതും മാധ്യമമായി ഉപയോഗിക്കാം. ഒരുകി.ഗ്രാം ഇത്തരം ചകിരി ബ്‌ളോക്കില്‍ വെള്ളം ഒഴിച്ചാല്‍ അത് വലിച്ചെടുത്ത് 15 ഇരട്ടിവരെയായി വികസിക്കും.
പ്രോട്രേകളില്‍ തയ്യാറാക്കിയ മിശ്രിതം നിറച്ച് ഒരു അറയില്‍ രണ്ടോ മൂന്നോ സവാള വിത്തുകളിടാം. വിത്തുകളിട്ട് മുകളില്‍ അല്‍പ്പം മിശ്രിതം വിതറണം. ഇപ്രകാരം തൈകള്‍ തയ്യാറാകുമ്പോള്‍ തൈകള്‍ ഒന്നുംതന്നെ നഷ്ടപ്പെടുകയില്ലെന്നതിനാല്‍ ഒരു സെന്റ് സ്ഥലത്തെ കൃഷിക്കാവശ്യമായ തൈകള്‍ ലഭിക്കാന്‍ 10 ഗ്രാം വിത്ത് മതിയാവും. ആവശ്യത്തിന് നന വേണം. തൈകള്‍ക്ക് അധികം തണല്‍ ആവശ്യമില്ല. വെള്ളത്തില്‍ പൂര്‍ണമായും അലിയുന്നതരത്തിലുള്ള എന്‍.പി.കെ വളങ്ങള്‍ ചെടികളുടെ വളര്‍ച്ച പുഷ്ടിപ്പെടുത്തുന്നതിനായി നല്‍കാം. ഇത് അഞ്ച് ഗ്രാം അല്ലെങ്കില്‍ അഞ്ച് മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ആഴ്ചയിലൊരിക്കല്‍ നല്‍കാം.
നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് ഉള്ളിക്കൃഷിക്ക് അനുയോജ്യം. ജൈവവളം നല്ലതുപോലെ ചേര്‍ക്കണം. ഒരുസെന്റ് സ്ഥലത്തേക്ക് രണ്ടു കിഗ്രാം എന്ന തോതില്‍ കുമ്മായവും ചേര്‍ക്കണം. കുമ്മായത്തിനു പകരം ഡോളോമൈറ്റുമാകാം. തടങ്ങള്‍ തയ്യാറാക്കി വരികള്‍ തമ്മില്‍ 15 സെ.മീറ്ററും, ചെടികള്‍ തമ്മില്‍ 10 സെ.മീറ്റര്‍ അകലവും നല്‍കി തൈകള്‍ നടാം. നടുന്ന സമയത്ത് തൈകള്‍ക്ക് നീളംകൂടുതലുണ്ടെങ്കില്‍ അതിന്റെ തലപ്പ് നുള്ളാം. കളപറിക്കല്‍, പുളിപ്പിച്ച സാന്ദ്രീകൃത വളങ്ങള്‍ നല്‍കല്‍ എന്നിവ പ്രധാന പരിചരണ പ്രവര്‍ത്തനങ്ങളാണ്.
ഗ്രോബാഗിലും സവാള വിജയകരമായി കൃഷിചെയ്യാം. സാധാരണ മറ്റു പച്ചക്കറികള്‍ കൃഷിചെയ്യാന്‍ ബാഗുകള്‍ തയ്യാറാക്കുന്നതുപോലെ ബാഗില്‍ വളക്കൂറുള്ള മണ്ണുനിറച്ച് അതില്‍ തൈകള്‍ പറിച്ചുനടാം. ഒരടി വ്യാസമുള്ള ബാഗില്‍ നാല്അഞ്ച് തൈകള്‍ നടാം. തൈകള്‍ നട്ട് മൂന്നരമാസം കഴിയുന്നതേടെ വിളവെടുപ്പിനാകും. വിളവെടുപ്പിന് മൂന്നുദിവസം മുമ്പ് നന പൂര്‍ണമായും ഒഴിവാക്കണം. നല്ല ഇളക്കമുള്ള മണ്ണില്‍ ഓരോ ചെടിയും കൈകൊണ്ട് വലിച്ചെടുക്കാം. വിളവെടുത്ത് നാല്അഞ്ച് ദിവസം ഇത് ഇലയോടുകൂടിതന്നെ കൂട്ടിയിടണം. തുടര്‍ന്ന് ഇലഭാഗം മുറിച്ചുകളഞ്ഞ് ഇളംവെയിലില്‍ ഉണക്കിയെടുത്ത് സൂക്ഷിക്കാം.