കണ്ണൂർ: ആന്റി ബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതായി പഠനം. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച പ്രബന്ധം തൃശൂരിൽ നടന്ന കേരള വെറ്ററിനറി ശാസ്ത്ര കോൺഗ്രസിൽ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.
രോഗാണുക്കൾ ആന്റി ബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി നേടിയാൽ ആരോഗ്യ രംഗത്തും വികസന കാര്യത്തിലും ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി.
മനുഷ്യരുടെയും മൃഗങ്ങളുടെയും ചികിത്സ രംഗത്തും കൃഷി അനുബന്ധ മേഖലകളിലും ആന്റിബയോട്ടിക്കുകൾ കൃത്യമായ വിദഗ്ധ നിർദേശമില്ലാതെ അമിതമായും അനാവശ്യമായും ഉപയോഗിക്കുന്നത് പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം, ഇവയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധമില്ലായ്മ ആന്റിബയോട്ടിക്ക് വിൽപനയിൽ നിലവിലുള്ള നിയമം കൃത്യമായി നടപ്പാക്കാത്തത്, വർധിച്ചുവരുന്ന അണുബാധകൾ, പല ആന്റി ബയോട്ടിക്കുകളും ഉദ്ദേശിച്ച ഫലം നൽകാത്തത്, വിദഗ്ധരുടെ സേവനം കൃത്യസമയത്ത് ലഭ്യമാകാത്തത്, ചികിത്സ രംഗത്ത് വ്യാജരുടെ കടന്നുകയറ്റം, രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗനിർണയ സൗകര്യങ്ങളുടെയും അപര്യാപ്ത എന്നിവയെല്ലാം രോഗാണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷി നേടാൻ കാരണമാകുന്നുണ്ട്. ഇത് പല പുതിയ രോഗങ്ങളുടെ കടന്നുവരവിനും ചില പഴയ രോഗങ്ങളുടെ തിരിച്ചുവരവിനും കാരണമാകുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയിൽ ക്ഷീരകർഷകർക്കും ഇറച്ചിക്കോഴികളെ വളർത്തുന്ന കർഷകർക്കും ആന്റിബയോട്ടിക്കുകൾ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അത്തരം ഉപയോഗം അനിവാര്യ ഘട്ടങ്ങളിൽ മാത്രം ഡോക്ടർമാരുടെ നിർദേശ പ്രകാരവും ക്രമപ്രകാരവും മാത്രം ആയിരിക്കണമെന്ന് ഡോ. വി. പ്രശാന്ത് പറഞ്ഞു. പല കർഷകരും ആന്റിബയോട്ടിക്ക് ഉപയോഗത്തിൽ ജാഗ്രത പുലർത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.