‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മതനിന്ദ ആരോപിച്ച് നിര്‍മാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായെന്ന് ആരോപിച്ചായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ നടപടി. ബുധനാഴ്ച്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരം ലുക്ക്മാനും ഇത്തരത്തില്‍ സമാനമായ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നു.
റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് അറിവെന്നും, അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെന്നും ലുക്മാന് പറയുന്നു.
ലുക്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ഞാന്‍ അഭിനേതാവായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. രണ്ടര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവുമില്ല.
അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.