ഇടുക്കിയിൽ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം, ജാഗ്രതാ നിര്‍ദേശം

ഇടുക്കിയിൽ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം, ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: ഇടുക്കി അരണക്കല്ലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയെ കണ്ടെത്തി. തൊഴിലാളികളുടെ ലയത്തിന് സമീപമാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കടുവയെ ട്രാക്ക് ചെയ്തത്.

വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ ലയത്തിന്റെ വേലിക്ക് സമീപത്താണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നു. വെറ്ററിനറി ഡോക്ടര്‍ അനുരാജും സംഘവും കടുവയുടെ സമീപത്തേക്ക് പോയി.

ലയത്തിലുള്ള തോട്ടം തൊഴിലാളികളോട് ഇന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ സത്രം റോഡിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടിയാല്‍ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഇറങ്ങിയ കടുവ തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നിരുന്നു. പ്രദേശവാസികളായ നാരായണന്‍ എന്നയാളുടെ പശുവിനെയും അയല്‍വാസിയായ ബാലമുരുകന്‍ എന്നയാളുടെ വളര്‍ത്തുനായയെയുമാണ് കൊന്നത്. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.

Leave a Reply..

Back To Top
error: Content is protected !!