കൊച്ചി: കളമശ്ശേരി പോളിടെക്നിക് മെൻസ് ഹോസറ്റലിൽ നിന്ന് കഞ്ചാവുമായി പിടിയിലായവരിൽ ഒരാൾ എസ്.എഫ്.ഐ നേതാവ്. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അഭിരാജിനെയും ഒപ്പം പിടിയിലായ ഹരിപ്പാട് സ്വദേശി ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് എസ്.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി. തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തന്നെ കുടുക്കിയതാണെന്നും അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസിന്റെ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.
പൊലിസിന്റെ ആദ്യത്തെ എഫ്.ഐ.ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശിനെയാണ് (21) പ്രതി ചേർത്തിട്ടുള്ള. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തതിനാൽ ആകാശിന് സ്റ്റേഷൻ ജാമ്യം ലഭിച്ചില്ല. രണ്ടാമത്തെ എഫ്.ഐ.ആറിൽ ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
റെയ്ഡിനായി പൊലീസ് എത്തിയതോടെ ചില വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലിൽ കഞ്ചാവ് വിൽപനക്കായി എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ചെറിയ പാക്കറ്റുകളിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. കേരളത്തെ നടുക്കി കോളജ് ഹോസ്റ്റലിൽ ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്.