തിരുവനന്തപുരം∙ പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്.
രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്റൂമില്‍ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും വിഷാദത്തിലായിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്. ഭർത്താവാണ് സൗമ്യയെ നെയ്യാറ്റിൻ കരയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.