മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല.
പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍.സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങള്‍ തുടരുന്നുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് ലഭ്യമായ വിവരം.