താമരശ്ശേരിയിൽ വിദ്യാർത്ഥി മരിച്ചത്  കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിൽ തലയോട്ടി തകർന്നിട്ടെന്ന്  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകൾ, മർദിച്ചവരിൽ പൊലീസുകാരന്റെ മകനും

താമരശ്ശേരിയിൽ വിദ്യാർത്ഥി മരിച്ചത് കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിൽ തലയോട്ടി തകർന്നിട്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകൾ, മർദിച്ചവരിൽ പൊലീസുകാരന്റെ മകനും

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു.നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകൾ. പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർഥികളിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. വിദ്യാർഥികളെന്നതിനപ്പുറം കൃത്യമായ ക്രിമിനൽ മനസ്സോടെയാണ് ഇവർ പ്രവർത്തിച്ചതെന്നും പുറത്തുവന്ന തെളിവുകളിൽനിന്ന് വ്യക്തമാകുന്നു. കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയത്. അതിനു മുൻപു തന്നെ ഷഹബാസിനെ കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ തുടങ്ങി. ആളുകൾ കൂട്ടമായി ചേർന്ന് മർദിച്ചാൽ കേസ് നിൽക്കില്ലെന്നും മരിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരില്ലെന്നുമുൾപ്പെടെയുള്ള നിയമ വശങ്ങളും ചർച്ച ചെയ്തു. എസ്എസ്എൽസി പരീക്ഷയായതിനാൽ അതിന്റെ ആനുകൂല്യവും ലഭിക്കും. പ്രായപൂർത്തിയാകാത്തതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നും ഇവർ മനസ്സിലാക്കി.

വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകൾ നോക്കിനിൽക്കെ നഗരമധ്യത്തിലിട്ടാണ് മർദിച്ചത്. വിളിച്ചിറക്കി കൊണ്ടുവന്നതാകട്ടെ അടുത്ത സുഹൃത്തും. കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടായാൽ പിടിച്ചുമാറ്റാൻ പോകുന്നതല്ലാതെ ഇതുവരെ ഷഹബാസ് ആരെയും മർദിച്ചതായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിന്റെ മരണത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത്. വട്ടം ചേർന്നായിരുന്നു ഷഹബാസിനെ അവർ കൈവശമുണ്ടായിരുന്ന നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ച് മർദ്ദിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി.ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ഇവർക്ക് ഈ വർഷത്തെ SSLC പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും.മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം.

സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഷഹബാസിന്റേത്. ഉപ്പ ഇക്ബാൽ ആദ്യം ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലെത്തി പെയിന്റ് പണി ഉൾപ്പെടെ ചെയ്യുകയാണ്. വാടക വീട്ടിലാണ് താമസം. സ്വന്തമായി നിർമിക്കുന്ന വീടിന്റെ പണി പുരോഗമിക്കുകയാണ്. ഷഹബാസിന് മൂന്ന് അനുജൻമാരാണ് ഉള്ളത്.

Leave a Reply..

Back To Top
error: Content is protected !!