ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശ കേസില്‍ ഒളിവില്‍ പോയ പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ശനിയാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു പി.സി. ജോര്‍ജ് പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. പിന്നാലെ ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി.
പി.സി. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി സ്റ്റേഷനിലേക്ക് എത്തിയേക്കാം എന്ന സ്ഥിതി മുന്നില്‍ക്കണ്ടാണ് പോലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. മത വിദ്വേഷ പരമാര്‍ശത്തില്‍ പി.സി.ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തില്‍ പി.സി. ജോര്‍ജ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനം നടത്തിയാല്‍ അത് മതസ്പര്‍ദ്ധയ്ക്ക് വഴിവെച്ചേക്കാം എന്ന വിലയിരുത്തലിലാണ് പോലീസ്.
അനുമതിയില്ലാതെ പ്രകനം നടത്തുന്നതിനോ മറ്റോ തുനിഞ്ഞാല്‍ കൃത്യമായ നിയമനടപടി ഉണ്ടാകും എന്നാണ് ഈരാറ്റുപേട്ട സി.ഐ. കെ.ജെ. തോമസ് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനേയും ബി.ജെ.പി. ഭാരവാഹികളേയും അറിയിച്ചിട്ടുള്ളത്. ഈരാറ്റുപേട്ടയില്‍ വലിയ തോതിലുള്ള പോലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. അതേസമയം, നിലവില്‍ ഈ വീട്ടില്‍ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ഷോണിന്റെ ഭാര്യയും മാത്രമാണ് ഉള്ളത്.