ന്യൂഡല്‍ഹി: പുലര്‍ച്ചെ 5.30-ന് ഡല്‍ഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കിയത്.
ഡല്‍ഹിയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്പ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയില്‍ തന്നെയായിരുന്നു. ധൗള കൂആമിലെ ദുര്‍ഗാബായി ദേശ്മുഖ് കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂനിരപ്പില്‍നിന്ന് അഞ്ചു കിലോ മീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹി, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമനുഭവപ്പെട്ടത്. മണിക്കൂറുകള്‍ക്ക് ശേഷം ബിഹാറിലെ സിവാനിലും ഭൂചലനമുണ്ടായി. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. അതേസമയം, 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഇതിന്റെ പ്രഭവ സ്ഥാനമെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നത്.