ലഖ്നൗ: വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിൽ നടപടിയുമായി യുപി സർക്കാർ.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകളിലൂടെ കിംവദന്തികൾ പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. 2025 ഫെബ്രുവരി 13-ന് സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, മഹാകുംഭമേളയുമായി തെറ്റായി ബന്ധിപ്പിച്ച രണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പൊലീസ് തിരിച്ചറിഞ്ഞു.
മഹാകുംഭ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടായെന്നും 40-50 വാഹനങ്ങൾ കത്തിനശിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പൊലീസ് കണ്ടെത്തി. 2020 ഈജിപ്തിലെ എണ്ണ പൈപ്പ്ലൈൻ അപകടത്തിൽ നിന്നുള്ള ചിത്രങ്ങളുപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായ ഏഴ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കോട്വാലി കുംഭമേള പൊലീസ് സ്റ്റേഷനിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സൈനിക ജവാൻമാർക്ക് നേരെ ചെരുപ്പുകൾ എറിഞ്ഞുവെന്ന് പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയെടുത്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ പൊലീസ് കണ്ടെത്തി അവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് പൊലീസ് അറിയിച്ചു.