ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി സിജി (46) മരണപ്പെട്ടത് ആക്രമണത്തില്‍ തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അമ്മയുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ സോണിയ്‌ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വീട്ടില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസക്കാലം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന സിജി ഒമ്പതാം തിയ്യതി ഞായറാഴ്ച രാവിലെ 7.30-നാണ് മരണപ്പെട്ടത്. തുടര്‍ന്ന് മുട്ടം സെയ്ന്റ്മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ വൈകിട്ട് ശവസംസ്‌കാരം നടത്തുകയായിരുന്നു.
ജനുവരി എട്ടിനു രാത്രി പത്തുമണിക്ക് ശേഷമാണ് സിജിയെ തലയ്ക് പരിക്കേറ്റ നിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. വീട്ടിലെ സ്റ്റെയര്‍കെയ്സില്‍ നിന്നും വീണുവെന്നാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. അതിനാല്‍ ഇതില്‍ ദൂരൂഹത കണ്ടിരുന്നില്ല. ആരും പരാതി ഉയര്‍ത്താത്ത സാഹചര്യത്തിലായിരുന്നു സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
എന്നാല്‍ ചൊവ്വാഴ്ച രാത്രി മകള്‍ മീഷ്മ അമ്മയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി മീഷ്മയ്ക്ക് സംരക്ഷണം നല്‍കിയശേഷം സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തുകയായിരുന്നു. സബ്ബ് കളക്ടര്‍ സമീര്‍കിഷന്‍, എ.എസ്.പി ഹരീഷ് ജയിന്‍,തഹസില്‍ദാര്‍ കെ.ആര്‍.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കുമാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വ്യാഴാഴാഴ്ച ഉച്ചയോടെ വീണ്ടും സംസ്‌കരിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ തുടര്‍നടപടികള്‍.