സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു

സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു

സേലം: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നന്നതിനിടെ സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു. സഹപാഠിയുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ ഒമ്പതാംക്ലാസുകാരനാണ് മരിച്ചത്.

സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.

സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ വിദ്യാർഥികൾ തമ്മില്‍ സ്‌കൂള്‍ബസില്‍വെച്ച് വാക്കേറ്റമുണ്ടായത്. ബസില്‍ ഇവരിലൊരാളിരുന്ന സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കെന്നാണ് പുറത്ത് വരുന്ന വിവരം. തർക്കത്തിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർഥി ബസിനുള്ളില്‍ തലയിടിച്ച് വീണു, പിന്നാലെ കുട്ടിയുടെ ബോധം പോയി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍ ഉടന്‍ ബസില്‍ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ കുട്ടി മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതിഷേധം ഭയന്ന് പൊലീസ് സ്‌കൂളിന് സുരക്ഷയുമൊരുക്കിയിട്ടുണ്ട്.

Leave a Reply..

Back To Top
error: Content is protected !!