Mark Zuckerberg : തോറ്റതല്ല, സക്കര്‍ബര്‍ഗിന് തെറ്റിയതാ ! മെറ്റ മേധാവിയുടെ പരാമര്‍ശത്തില്‍ നിരാശ പ്രകടിപ്പിച്ച് അശ്വിനി വൈഷ്ണവ്‌

തോറ്റതല്ല, സക്കര്‍ബര്‍ഗിന് തെറ്റിയതാ ! മെറ്റ മേധാവിയുടെ പരാമര്‍ശത്തില്‍ നിരാശ പ്രകടിപ്പിച്ച് അശ്വിനി വൈഷ്ണവ്‌

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ തെറ്റായ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. സക്കർബർഗിൽ നിന്ന് തന്നെ തെറ്റായ വിവരങ്ങൾ കാണുന്നത് നിരാശാജനകമാണെന്നും, വസ്തുതകളും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, 640 ദശലക്ഷത്തിലധികം വോട്ടർമാരുമായി ഇന്ത്യ 2024 ലെ തിരഞ്ഞെടുപ്പ് നടത്തിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയിലുള്ള വിശ്വാസം ഇന്ത്യയിലെ ജനങ്ങൾ വീണ്ടും ഉറപ്പിച്ചെന്നും അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.

കൊവിഡിന് ശേഷം 2024ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലുള്‍പ്പെടെ അധികാരത്തിലിരുന്ന മിക്ക സര്‍ക്കാരുകള്‍ തോറ്റെന്ന സക്കര്‍ബര്‍ഗിന്റെ വാദം തെറ്റാണെന്നും, മോദിയുടെ മൂന്നാം ടേം വിജയം നല്ല ഭരണത്തിനും പൊതുജന വിശ്വാസത്തിനും തെളിവാണെന്നും വൈഷ്ണവ് പറഞ്ഞു.

പ്രശസ്ത പോഡ്‌കാസ്റ്റർ ജോ റോഗനുമായുള്ള അഭിമുഖത്തിലാണ്‌ ഇന്ത്യയുൾപ്പെടെ അധികാരത്തിലിരുന്ന മിക്ക സര്‍ക്കാരുകളും 2024 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞത്. കൊ മഹാമാരി ആഗോളതലത്തിൽ സർക്കാരുകളിലുള്ള വിശ്വാസം ചോർന്നുപോകുന്നതിനും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനും എങ്ങനെ കാരണമായെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

“2024 ഒരു തിരഞ്ഞെടുപ്പ് വർഷമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകൾ നടന്നു. അധികാരത്തിലിരിക്കുന്നവർ തോറ്റു. ആഗോളതലത്തിലെ പ്രതിഭാസമാണ് ഇത്. പണപ്പെരുപ്പം മൂലമോ കോവിഡിനെ നേരിടാനുള്ള സാമ്പത്തിക നയങ്ങൾ മൂലമോ അതോ സർക്കാരുകൾ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയാകാം ഇത്. ലോകവ്യാപകമായി ഇത് സ്വാധീനിച്ചെന്ന് തോന്നുന്നു”-എന്നായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്. സക്കര്‍ബര്‍ഗിന്റെ ഈ പരാമര്‍ശം തെറ്റാണെന്ന് വിമര്‍ശനമുയര്‍ന്നു. പിന്നാലെയാണ് കേന്ദ്രമന്ത്രി തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

അശ്വിന വൈഷ്ണവിന്റെ കുറിപ്പ്:

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, 2024 ലെ തിരഞ്ഞെടുപ്പ് നടത്തിയത് 640 ദശലക്ഷത്തിലധികം വോട്ടർമാരോടെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയിലുള്ള വിശ്വാസം ഇന്ത്യയിലെ ജനങ്ങൾ വീണ്ടും ഉറപ്പിച്ചു.

കൊവിഡിന് ശേഷം നടന്ന 2024 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലുള്‍പ്പെടെ അധികാരത്തിലിരിക്കുന്ന മിക്ക സർക്കാരുകളും പരാജയപ്പെട്ടുവെന്ന സക്കർബർഗിന്റെ വാദം വസ്തുതാപരമായി തെറ്റാണ്. 800 മില്യണ്‍ പേര്‍ക്ക് സൗജന്യ ഭക്ഷണം, 2.2 ബില്യണ്‍ പേര്‍ക്ക് സൗജന്യ വാക്‌സിന്‍, കൊവിഡ് കാലത്ത് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് സഹായം എന്നിവ നല്‍കിയത് മുതല്‍ ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി നയിച്ചത് വരെയുള്ള കാര്യങ്ങളില്‍, പ്രധാനമന്ത്രി മോദിയുടെ നിർണായകമായ മൂന്നാം ടേം വിജയം നല്ല ഭരണത്തിനും പൊതുജന വിശ്വാസത്തിനും തെളിവാണ്.

മെറ്റാ സക്കർബർഗിൽ നിന്ന് തന്നെ തെറ്റായ വിവരങ്ങൾ കാണുന്നത് നിരാശാജനകമാണ്. നമുക്ക് വസ്തുതകളും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാം.

Back To Top
error: Content is protected !!