Maha Kumbh Mela 2025 : അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ

അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ

ഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ അന്തരിച്ച ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ ആദ്യ ‘അമൃത് സ്നാനം’ ദിനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്താനായിരുന്നു ലോറീന്റെ നീക്കം. എന്നാല്‍ അലര്‍ജി ബാധിച്ചതിനാല്‍ പുണ്യ സ്‌നാനത്തിന് സാധിച്ചില്ല. അലര്‍ജി മൂലം ലോറീന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി അവരുടെ ഗുരു സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞു.

”സംഗമത്തില്‍ അവര്‍ സ്‌നാനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ നിലവില്‍ വിശ്രമത്തിലാണ്. അവര്‍ക്ക് ചില അലര്‍ജികളുണ്ട്. ഇത്രയും തിരക്കേറിയ സ്ഥലത്ത് അവര്‍ ഒരിക്കലും പോയിട്ടില്ല. ലളിതമായ ജീവിതമാണ് അവരുടേത്. പൂജാ സമയത്ത് ഞങ്ങളോടൊപ്പമാണ് താമസിച്ചത്. ഒരിക്കലും കണ്ടിട്ടില്ലാത്തവരും ചേരാന്‍ ആഗ്രഹിക്കുന്നു. അതാണ് ഞങ്ങളുടെ പാരമ്പര്യം”- സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞു.ലോറീന്‍ നേരത്തെ തന്നെ വാരണാസിയില്‍ എത്തിയിരുന്നു. അവര്‍ ചടങ്ങുകളുടെ ഭാഗമാകും. സ്വാമി കൈലാഷാനയുടെ ക്യാമ്പിലാണ് താമസിക്കുന്നത്. ജനുവരി 29 വരെ അവർ മഹാ കുംഭമേളയുടെ നിരവധി ചടങ്ങുകളില്‍ പങ്കെടുക്കും.

ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ലോറീന്‍ പ്രയാഗ്‌രാജിലെത്തിയത്. മഹാകുംഭമേളയ്ക്ക് മുന്നോടിയായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ലോറീൻ ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് കമല എന്ന പേര് സ്വീകരിച്ചു.

ഗുരുവിനെ കാണുന്നതിനാണ് ലോറീന്‍ ഇവിടെ വന്നതെന്നും, അവര്‍ക്ക് തങ്ങള്‍ കമല എന്ന പേര് നല്‍കുകയായിരുന്നുവെന്നും സ്വാമി കൈലാഷാനന്ദ് പറഞ്ഞിരുന്നു. ലോറീന്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നതെന്നും, അവര്‍ തങ്ങള്‍ക്ക് മകളെ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ധ്യാനത്തിനായാണ് ലോറീന്‍ ഇന്ത്യയിലേക്ക് വരാറുള്ളത്. കാവി വേഷം ധരിച്ചാണ് അവര്‍ കുംഭമേളയില്‍ പങ്കെടുത്തത്.

“ലോറീന്‍ ആത്മീയത പിന്തുടരുന്നു. നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാൻ അവര്‍ ആഗ്രഹിക്കുന്നു. ഒരു പിതാവായും ഗുരുവായും അവര്‍ എന്നെ ബഹുമാനിക്കുന്നു. എല്ലാവർക്കും അവരില്‍ നിന്ന്‌ പഠിക്കാൻ കഴിയും. ഇന്ത്യൻ പാരമ്പര്യങ്ങൾ ലോകം അംഗീകരിക്കുന്നു”-സ്വാമി പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ലോറീന്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അഹിന്ദുവായതിനാല്‍ ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ല. ക്ഷേത്രത്തിന് പുറത്ത് നിന്നാണ് അവര്‍ ശിവലിംഗം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതെന്നും സ്വാമി വ്യക്തമാക്കി.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. ആദ്യ ദിവസം 1.65 കോടിയിലധികം ഭക്തർ പുണ്യസ്നാനം നടത്തി.ആദ്യ ദിവസം 1.65 കോടിയിലധികം ഭക്തർ പുണ്യസ്നാനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കുംഭത്തിൻ്റെ പ്രധാന സ്നാന ചടങ്ങുകളിലൊന്നായ ഷാഹി സ്നാൻ ഇന്ന് നടക്കും. മൗനി അമാവാസി ജനുവരി 29നും, ബസന്ത് പഞ്ചമി ഫെബ്രുവരി മൂന്നിനും നടക്കും. ഷാഹി സ്‌നാന്‍ എന്ന ചടങ്ങോടെയാണ് മഹാ കുംഭമേള ആരംഭിച്ചത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നടക്കുന്നതെന്നതിനാല്‍ നിരവധി പേരാണ് മഹാകുംഭമേളയുടെ ഭാഗമാകാന്‍ എത്തുന്നത്.

Back To Top
error: Content is protected !!