സ്കൂളിൽ വിദ്യാർഥികൾ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു; മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമെന്ന് മന്ത്രി  – christmas crib distroyed

സ്കൂളിൽ വിദ്യാർഥികൾ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു; മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമെന്ന് മന്ത്രി

സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു. പാലക്കാട് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂട് സ്കൂളിൽ സ്ഥാപിച്ചിരുന്നത്. തിങ്കളാഴ്ച വരുന്ന കുട്ടികളെ കൂടി കാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പുല്‍ക്കൂട് നിലനിര്‍ത്തിയത്. ഇതിനിടയിലെ രണ്ടു ദിവസങ്ങളില്‍ പുല്‍ക്കൂട് തകര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂർ മേഖലയിലെ തന്നെ മറ്റൊരു സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തുന്നത്.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പ്രധാനാധ്യാപകൻ ടി.തങ്കരാജ് സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കാണുന്നത്. ഇരുമ്പ് ഗ്രില്ലിൽ നിന്നും പത്തടിയിലേറെ ഉള്ളിലായാണ് പുൽക്കൂട് സ്ഥാപിച്ചിരുന്നത്.

ഗ്രില്ലിനിടയിലൂടെ നീളമുള്ള ഓലമടൽ ഉപയോഗിച്ച് പുൽക്കൂട് വലിച്ചടുപ്പിച്ചശേഷമാണ് തകർത്തത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്. പുൽക്കൂട് തകർക്കാനായി ഉപയോഗിച്ച ഓലമടലും സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. സംഭവത്തിൽ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

നല്ലേപ്പിള്ളിയിലെ സംഭവത്തിന് പിന്നിലുള്ളവർ തന്നെയാണ് തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്തതിനും പിന്നിലെന്ന് സംശയിക്കുന്നതായി സ്കൂൾ സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ബോധപൂർവം തകർത്തതാണെന്നും മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ കണ്ട ശേഷം ആയിരുന്നു പ്രതികരണം. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ പറഞ്ഞു.

അക്രമികളിൽ ബിജെപിയുമായി പുലബന്ധമുള്ള ആരുമില്ലെന്നും സംഭവത്തിൽ കുറ്റമറ്റ അന്വേഷണം വേണമെന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.

STORY HIGHLIGHT: christmas crib distroyed

Back To Top
error: Content is protected !!