കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം പുറത്ത്

കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം പുറത്ത്

ഇടുക്കി: കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

നിക്ഷേപത്തുക തിരിച്ചെടുക്കാൻ എത്തിയപ്പോൾ സൊസൈറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തെറ്റാണെന്ന് സാബു ഈ നേതാവിനോടു പറയുമ്പോൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണെന്നു ഭീഷണിപ്പെടുത്തുന്നതായി ഇതിൽ കേൾക്കാം.

‘നിങ്ങൾ അനുഭവിക്കുമ്പോൾ അറിഞ്ഞോളു’മെന്നും ഭീഷണി ഉയർത്തുന്നുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. ഇക്കാര്യവും പൊലീസ് അന്വേഷിക്കും.

കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.

Back To Top
error: Content is protected !!