ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ആർ അശ്വിൻ. ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. 106 ടെസ്റ്റിൽ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വന്റി 20യിൽ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റിൽ 6 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ആകെ 3503 റൺസ്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് 38 കാരനായ അശ്വിൻ.
ഇന്ത്യയ്‌ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങൾ കളിച്ച അശ്വിൻ 537 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ മാന്ത്രികൻ അനിൽ കുംബ്ലെ മാത്രമാണ് ഈ നേട്ടത്തിൽ അശ്വിന് മുൻപിലുളളത്. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 2011ൽ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമംഗമായിരുന്നു അശ്വിൻ. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിൻ തന്നെ.
41 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളാണ് ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിൻ കളിച്ചിട്ടുളളത്. 195 വിക്കറ്റുകളും ഇതിൽ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനൊപ്പം 116 ഏകദിനത്തിലും 65 ട്വന്റി 20 കളിലും ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിൻ കളിച്ചു. ഏകദിനത്തിൽ 156 വിക്കറ്റുകളും ട്വന്റി 20 യിൽ 72 വിക്കറ്റുകളും നേടി.
”ഇന്ത്യൻ ക്രിക്കറ്റർ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ എന്നിൽ കുറച്ച് കൂടി കളിക്കാൻ എനിക്ക് ശേഷിയുണ്ട്. പക്ഷേ, അത് ക്ലബ് തലത്തിൽ തുടരും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും എന്റെ നിരവധി ടീമംഗങ്ങൾക്കുമൊപ്പം ഞാൻ ഒരുപാട് ഓർമ്മകൾ ഉണ്ടാക്കിയിട്ടുണ്ട്. അവരിൽ ചിലർ വിരമിച്ചുകഴിഞ്ഞു. നന്ദി പറയാൻ ഒരുപാട് പേരുണ്ട്, പക്ഷേ ബിസിസിഐയോടും സഹതാരങ്ങളോടും ഞാൻ നന്ദി പറയുന്നു.
അവയിൽ ചിലത് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. യാത്രയുടെ ഭാഗമായിട്ടുള്ള എല്ലാ പരിശീലകർ, രോഹിത്, വിരാട്, അജിൻക്യ രഹാനനെ, ചേതേശ്വർ പൂജാര.. എന്നിവരെല്ലാം എന്റെ യാത്രയുടെ ഭാഗമായവരാണ്. വളരെ കടുത്ത മത്സരാർത്ഥികളായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനും ഒരു വലിയ നന്ദി. പക്ഷേ ഇത് വളരെ വൈകാരികമായ ഒരു നിമിഷമാണ്.
ഞാൻ ചോദ്യങ്ങൾക്ക് ശരിയായ രീതിയിൽ ഉത്തരം നൽകുന്ന ഒരു അവസ്ഥയിലാണെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ ദയവായി എന്നോട് ക്ഷമിക്കൂ. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി, അതെ, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ നിങ്ങളെ എല്ലാവരെയും ഉടൻ കാണും.” അശ്വിൻ പറഞ്ഞു.