നമ്മുടെ ശരീരത്തിന് ധാരാളമായി ആവശ്യമുള്ള ഒരു ധാതുവാണ് ഇരുമ്പ്. ചിലർക്ക് ഉയർന്ന ഇരുമ്പിന്റെ അളവുണ്ട്. എന്നാൽ, മറ്റു ചിലർക്ക് ഇരുമ്പിന്റെ അളവ് വളരെ കുറവായിരിക്കും, പ്രത്യേകിച്ച് സ്ത്രീകളിൽ. ഇരുമ്പിന്റെ കുറവ് ക്ഷീണം, ബലഹീനത, വിളർച്ച തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഇരുമ്പിന്റെ കുറവ് നികത്താൻ ചില ഭക്ഷണങ്ങൾ സഹായിക്കും.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ദീപശിഖ ജെയിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്.
1. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക
ഇരുമ്പിന്റെ അളവ് കൂട്ടുന്നതിന് ഇലക്കറികൾ, പയർവർഗങ്ങൾ, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവയിൽ എല്ലാം ഇരുമ്പിന്റെ അളവ് കൂടുതലുള്ളതിനാൽ ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇരുമ്പിന്റെ പ്രതിദിന അളവ് നിങ്ങളുടെ പ്രായത്തെയും ലിംഗഭേദത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രായപൂർത്തിയായ ഒരു പുരുഷന് ഏകദേശം 8 മില്ലിഗ്രാമും പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് 18 മില്ലിഗ്രാമും ആവശ്യമാണ്.
2. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചായ/കാപ്പി കുടിക്കരുത്
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചായയോ കാപ്പിയോ കുടിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു. ചായയിലും കാപ്പിയിലും കഫീൻ, ടാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഇരുമ്പ് ആഗിരണം കുറയ്ക്കുന്നു. ചായയ്‌ക്കൊപ്പം കഴിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണം 35% വരെയും കാപ്പിക്കൊപ്പം കഴിക്കുമ്പോൾ 62% വരെയും കുറയുമെന്ന് ഒരു പഠനം പറയുന്നു.
3. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വൈറ്റമിൻ സിയുടെ ഉറവിടവുമായി ജോടിയാക്കുക. സാലഡ് കഴിക്കുമ്പോൾ കുറഞ്ഞ് നാരങ്ങ നീര് ചേർക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, ശരീരത്തിന് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ കഴിയും. ഇതിലൂടെ മൊത്തത്തിലുള്ള ഇരുമ്പിന്റെ അളവ് കൂട്ടാം.
ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് സ്പിനച്. ഇരുമ്പ് അടങ്ങിയ മറ്റ് നിരവധി ഭക്ഷണങ്ങളുണ്ട് ചിയ സീഡ്സ്, ഉണങ്ങിയ ആപ്രിക്കോട്ട്, കശുവണ്ടി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെല്ലാം ഉയർന്ന ഇരുമ്പിന്റെ അംശമുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.